"പര്‍ദ്ദക്കുള്ളിലെ നീര്‍മിഴികള്‍ " (ആദ്യ ചെറുകഥ)


വശ്യമനോഹരമായ ഒരു സുന്ദര ഗ്രാമം ആ ഗ്രാമത്തിലെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷിതന്നെ, പക്ഷെ അവിടെ ഒരു വലിയ കല്‍ക്വാറി ഉണ്ട്. അവിടത്തെ ഒരു സൂപ്പര്‍വൈസര്‍ ആണ് രാജു. അങ്ങുകുറച്ചകലെയാണ് ഇയാളുടെ നാട്. ദിവസവും ബസ്സിലാണ് യാത്ര. മണിക്കൂറുകള്‍ ഇടവിട്ടുള്ള ബസ്സിന്‍റെ വരവും കാത്ത് ആളുകള്‍ നില്‍ക്കുന്ന ഒരു ബസ്‌സ്റ്റോപ്പും അവിടെയുണ്ട്. സത്യത്തില്‍  അതൊരു ബസ്‌സ്റ്റോപ്പല്ല  ഒരു തണല്‍ മരമുണ്ട് ആ മരത്തിലൊരു ബോര്‍ഡും “ബസ്‌ സ്റ്റോപ്പ്‌” എന്ന്. ഈ ബസ്‌സ്റ്റോപ്പില്‍ നിന്നാണ് രാജു എന്നും ബസ്‌ കയറാറുള്ളത്. അങ്ങനെ ഒരിക്കല്‍ ആ ബസ്‌സ്റ്റോപ്പില്‍ ഒരു പര്‍ദ്ദയിട്ട പെണ്‍കുട്ടി ബസ്‌ കാത്തുനിന്നു കയറിപ്പോകുന്നത് രാജു കണ്ടു. പിന്നീടുള്ള എല്ലാദിവസങ്ങളിലും അവന്‍ അവളെ കാണാറുണ്ട്‌. മിക്ക ദിവസങ്ങളും ഇവര്‍ മാത്രമേ ആ ബസ്‌സ്റ്റോപ്പില്‍ ഉണ്ടാവാറുള്ളൂ. ബസ്‌ വരാന്‍ വൈകുന്ന ദിവസങ്ങളില്‍ അവര്‍ പരസ്പരം ചെറുതായി സംസാരിക്കാനും തുടങ്ങി. അവളെക്കുറിച്ച് അവന്‍ അന്വേഷിച്ചു, പേര് റുബീന, മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന ബഷീറിന്‍റെ മകള്‍, ഈ ഗ്രാമത്തിലെ അംഗനവാടിയില്‍ ടീച്ചറാണ് പ്രായം വളരെ കുറവ്, നല്ല സ്വഭാവം, നല്ല ശബ്ദം. അവന് അവളെ ഇഷ്ടമായി. പിന്നീടുള്ള ദിവസങ്ങളിലെ സംസാരത്തില്‍ അവള്‍ക്കും അവനെ ഇഷ്ടമായി.


സംസാരത്തിനിടയില്‍ അവളുടെ മുഖം കാണാനുള്ള രാജുവിന്‍റെ മോഹം അവള്‍ക്കു മനസ്സിലായതുകൊണ്ടാവാം ആളുകള്‍ ഇല്ലാത്ത സമയങ്ങളിലൊന്നും അവള്‍ മുഖം മറയ്ക്കാറില്ല. നാട്ടിലെ വിജനമായ ചുറ്റുപാട് അവരുടെ സംസാരത്തെ വളരെ സഹായിച്ചെന്നു മാത്രമല്ല അവരെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. ഈ പ്രണയത്തിന് ആ തണല്‍ മരം മാത്രം സാക്ഷി. നേരത്തെ അംഗനവാടിയില്‍നിന്നു വരുന്ന ദിവസങ്ങളില്‍ അവര്‍ കല്‍ക്വാറിക്ക് അടുത്തുള്ള മലമുകളില്‍ പോയിരുന്ന് സുന്ദരമായ ഗ്രാമഭംഗി ആസ്വദിക്കും കൂടെ മുഖത്തോടു മുഖം നോക്കിയുള്ള പ്രണയ സല്ലാപവും. ഒരിക്കല്‍ അവന്‍റെ മണവാട്ടിക്കുട്ടിയായി അവള്‍ ഇരിക്കുന്നത് സ്വപ്നം കാണാറുള്ള കാര്യം സല്ലാപത്തിനിടെ അവന്‍ അവളോട്‌ പറഞ്ഞു. ആ സ്വപ്നം ഫലിക്കണമെങ്കില്‍ അവര്‍ കടക്കേണ്ട കടമ്പകളെ ഓര്‍ത്തു വിഷമത്തോടെ അന്ന് അവര്‍ വീട്ടിലേക്കു പോയി . അടുത്ത ദിവസം  അവളുടെ ചേട്ടന്‍റെ തൊപ്പി അവള്‍ രാജുവിന്‍റെ തലയില്‍ ഇട്ടുനോക്കി എന്നിട്ട് പറഞ്ഞു "ഇതാണ് എന്‍റെ മാരന്‍". കൈയില്‍ കരുതിയ കുങ്കുമം കൊണ്ട് അവള്‍ക്കു ഒരു പൊട്ടു വച്ചുകൊടുത്തു കൊണ്ട് അവനും തിരിച്ചു പറഞ്ഞു “നീ എന്റെ മണവാട്ടിക്കുട്ടിയും”.
ഒരിക്കല്‍ എങ്ങനെയോ ഇവരുടെ ബന്ധം അവളുടെ വീട്ടുകാര്‍ അറിയാന്‍ ഇടയായി. അടുത്ത ദിവസം രാജു അവളെയും കാത്ത്‌ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്ന് ഒരു ജീപ്പ് അവന്റെ മുന്നില്‍ വന്നു നിന്നു അതില്‍ നിന്നും കുറച്ച് ആളുകള്‍ ഇറങ്ങി അവനെ ബലംപ്രയോഗിച്ചു വണ്ടിയില്‍ കയറ്റി എങ്ങോട്ടോ കൊണ്ട് പോയി. പിന്നീട് ഒരിക്കലും ആ ബസ്‌സ്റ്റോപ്പില്‍ രാജുവിനെ  ആരും കണ്ടിട്ടില്ല റുബീനയും.


*   *   *

പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നാട് കുറെ മാറിയിരിക്കുന്നു. പഴയ ബസ്‌സ്റ്റോപ്പിന്റെന്‍റെ സ്ഥാനത്ത്‌ ഇപ്പോള്‍ വെയിറ്റിംഗ് ഷെല്‍റ്റര്‍ ആയിരിക്കുന്നു. അടുത്ത് കുറച്ച് കടകള്‍ വന്നു. പക്ഷെ ആ സുന്ദരപ്രണയത്തിന് സാക്ഷിയായ തണല്‍മരം മാത്രം ഇന്നും അവിടെത്തന്നെയുണ്ട്. ഒരു ദിവസം ഒരു മധ്യവയസ്കന്‍ അതുവഴിയേ നടന്നുവന്നു ആ സ്റ്റോപ്പില്‍ നിന്നു. അയാളുടെ ഒരു കാലിന് എന്തോ കുഴപ്പം ഉണ്ട് അത് കൊണ്ടുതന്നെ നടക്കാന്‍ ഒരു ഊന്നു വടിയും സഹായത്തിനുണ്ട്. ബസ്സിനു വേണ്ടി കുറച്ചുനേരത്തെ കാത്തുനില്‍പ്പിനു ശേഷം അയാള്‍ അവിടെ ഇരുന്നു. അങ്ങുദൂരെനിന്നും രണ്ടു കുട്ടികളും പര്‍ദ്ദയിട്ട ഒരു സ്ത്രീയും നടന്നുവന്നു. കുട്ടികളില്‍ ഒന്ന് ഒരു ആണ്‍കുട്ടി ഏകദേശം പത്തു വയസ് പ്രായം മറ്റൊന്ന് പെണ്‍കുട്ടി പ്രായം ആറുവയസ് തോന്നിക്കും. ഓരോ കുസൃതികള്‍കാട്ടി രണ്ടുപേരും കളിക്കുകയാണ്. കളിക്കുന്നതിനിടയില്‍ ആണ്‍കുട്ടിയുടെ തലയിലെ തൊപ്പി കാറ്റില്‍ തെറിച്ച് മധ്യവയസ്ക്കന്‍റെ അരികില്‍ വന്നു വീണു. കുട്ടി വന്നെടുക്കുന്നതിനു മുന്‍പേ അയാള്‍ അതെടുത്തു. ആ തൊപ്പിയിലെ പൊടിതട്ടി അയാളുടെ തലയില്‍ വെച്ചുനോക്കി എന്നിട്ട് കുട്ടിയെനോക്കി ചിരിച്ചു. എന്നിട്ട് തൊപ്പി കുട്ടിയുടെ തലയില്‍ത്തന്നെ വച്ചുകൊടുത്തു. സംസാരിക്കുന്നിനിടയില്‍ ഒരു കാര്‍ ആ സ്റ്റോപ്പില്‍ വന്നു നിന്നു. പോട്ടെ എന്ന് പറഞ്ഞ് കുട്ടി കാറില്‍ ഓടിക്കയറി. പക്ഷെ അവള്‍ ഒരു നിമിഷം മടിച്ചുനിന്ന ശേഷം വണ്ടിയില്‍ കയറാന്‍ തയ്യാറായി. കാര്‍ പതുക്കെ നീങ്ങി രാജുവും പര്‍ദ്ദയ്ക്കുള്ളിലെ റുബീനയും പരസ്പരം മനസ്സിലാക്കിയിരുന്നു ഒരു വിതുമ്പലോടെ.

Comments

  1. nice summarization,,,there are some clever touches--that cap,tree,,

    ReplyDelete
  2. ചീത്ത പറഞ്ഞു ശീലമില്ല. തെറി പറയാനെ.. അറിയൂ..!!
    പോട്ടെ.., കൊള്ളാം ചിലതൊക്കെ കലക്കി ആശാന്മാരെ..

    ReplyDelete
  3. നന്ദി യാദു, നിങ്ങൾ അയച്ച ചൂവരെഴുത്ത് ഞാൻ പൊതു ചുവരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    ReplyDelete